അക്കാഡമിയെക്കുറിച്ച്

കേന്ദ്ര വ്യോമയാന വകുപ്പിന്റെ കീഴിലുള്ള ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (DGCA)- അംഗീകാരത്തോടെ കേരള സർക്കാരിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ഏക പൈലറ്റ് പരിശീലന സ്ഥാപനമാണ് “രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജി”. ഇതു “തിരുവിതാംകൂർ കൊച്ചി സാഹിത്യ ശാസ്ത്രീയ ധർമ്മ സംഘങൾ രജിസ്റ്ററാക്കൽ ആക്ടിന്” കീഴിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനകത്താണ് അക്കാഡമിയുടെ ആസ്ഥാനം. അക്കാദമി പൈലറ്റ് പരിശീലനം നടത്തിവരുന്നത് പ്രധാനമായും ഈ വിമാനത്താവളത്തിലാണ്. കൂടാതെ കണ്ണൂർ വിമാനത്താവളത്തിലും ഭാഗികമായി പൈലറ്റ് പരിശീലനം നടത്തുന്നുണ്ട് .

ചരിത്രം

1959 - ൽ ലെഫ്. കേണൽ ഗോദവർമ്മ രാജയുടെ ശ്രമഫലമായി സ്വകാര്യ മേഖലയിൽ സ്ഥാപിച്ച പറക്കൽ പരിശീലനസ്ഥാപനമാണ് "കേരള ഫ്ലയിങ് ക്ലബ് " . 1980 ൽ “കേരള ഏവിയേഷൻ ട്രെയിനിങ് സെന്റർ” എന്നു പുനർനാമകരണം ചെയ്യപ്പെട്ടു . 1982 ൽ ഈ സ്ഥാപനം കേരള സർക്കാർ ഏറ്റെടുത്തു. 2006 - ൽ വീണ്ടും പുനർനാമകരണത്തിന് വിധേയമായി ; രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജി എന്ന പേരിൽ സൊസൈറ്റി ആയി 01.06.2006 മുതൽ പ്രവർത്തിച്ചു വരുന്നു.

പ്രവർത്തനം

അക്കാഡമിയിൽ കൊമേർഷ്യൽ പൈലറ്റ് ലൈസൻസ് നേടുന്നതിന് വേണ്ട പറക്കൽ പരിശീലനവും അനുബന്ധ പരിശീലനങ്ങളും നൽകിവരുന്നു. നാലു സിംഗിൾ എഞ്ചിൻ എയർ ക്രാഫ്റ്റ് , ഒരു മൾട്ടി എഞ്ചിൻ എയർ ക്രാഫ്റ്റ് , സിമുലേറ്റർ തുടങ്ങിയവ പരിശീലനത്തിനായി ലഭ്യമാണ്. എയർ ക്രാഫ്റ്റ് മെയിൻനൻസിനായി സുസജ്ജമായ ഹാങ്ങറുമുണ്ട്. ഒരു ബാച്ചിൽ പരമാവധി 40 പേർക്ക് പ്രവേശനം നൽകുവാനും പരിശീലനം നടത്തുവാനും ഉള്ള സൗകര്യങ്ങൾ ആണിവ. DGCA നിഷ്‌കർഷിച്ചിട്ടുള്ള പ്രകാരം ഉന്നത നിലവാരമുള്ള ട്രെയിനിങ് ഉറപ്പ് നൽകുന്ന സ്ഥാപനങ്ങളിലൊന്നാണ് അക്കാദമി.